ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പ്രോവിഡന്റ് ഫണ്ട് തിരിച്ചെടുക്കാനുള്ള സംവിധാനം ഡിസംബറില്‍ തയ്യാറാകും. ഫണ്ട് പിന്‍വലിക്കല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാകുകയാണ് ഇതോടെ. അപേക്ഷയില്‍ മൂന്നുദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കാനാകുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) അറിയിച്ചു. ഏതാണ്ട് അഞ്ചുകോടി ഉപയോക്താക്കള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 20-30 ശതമാനം വരെ അപേക്ഷകള്‍ ഓണ്‍ലൈനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.