''മണിച്ചെയിന്‍ മോഡല്‍, 'കൃഷി-ഫാം-വിവിധ ബിസിനസ്സ്' പങ്കാളിത്തം, ക്ലബ് മെമ്പര്‍ഷിപ്പ്, ലോട്ടറി അടിച്ചെന്ന പ്രലോഭനം, വിവാഹ തട്ടിപ്പ്, സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തുള്ള കുരുക്ക്'' മന്ത്രവാദം,കൂടോത്രം, മതത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും പേരില്‍; എന്തേ മലയാളികളെ വീണ്ടുംവീണ്ടും ചതിയില്‍പ്പെടുത്താന്‍, മറ്റുള്ളവര്‍ക്ക് എളുപ്പം കഴിയുന്നു? സുഹൃത്തുക്കളെ, ദയവ് ചെയ്ത് ഇത്തരം തട്ടിപ്പുകളില്‍ അകപ്പെട്ട്, ഉള്ള ജീവിതം നശിപ്പിക്കരുതേ.
--------------------------
* ഇത്തരം 'മണി ചെയിന്‍' മാതൃകാ തട്ടിപ്പുകള്‍ നാട്ടിലും, ഗള്‍ഫിലും സര്‍വ്വസാധാരണമാണ്. നിര്‍ബ്ബന്ധിച്ചപ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്ത എന്‍റെ സുഹൃത്തുക്കളെ തൃപ്തിപ്പെടുത്തുവാനായി, മൂന്നിലേറെ പ്രാവശ്യം,ഇത്തരം നടത്തിപ്പുകാരുടെ ഹൈടെക് ക്ലാസുകളില്‍ പങ്കെടുത്തത് കാരണം, ഇവരുടെ ശാസ്ത്രീയ തട്ടിപ്പ് രീതികള്‍ മനസ്സിലാക്കുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, കാശ് ഇപ്പോഴില്ല എന്നൊക്കെ പറഞ്ഞ് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുവാന്‍ ഞാന്‍ ശ്രദ്ധിച്ചു. അധികം താമസിയാതെ, അതൊക്കെ പൊട്ടിയ വാര്‍ത്തയും കേള്‍ക്കുവാന്‍ കഴിഞ്ഞു. കഷ്ടമെന്നല്ലാതെ എന്ത് പറയുവാന്‍, അല്‍പനാളത്തെ ഇടവേളയ്ക്ക് ശേഷം, പിന്നെയും ഇത്തരം ബുദ്ധിരാക്ഷസന്മാര്‍ തലപൊക്കാറുണ്ട്. അപ്പപ്പോള്‍ ചെന്ന് പെടാന്‍ മലയാളികളും ഇഷ്ടംപോലെ.
''സുഹൃത്തേ,ഇത് മണിചെയിനാ, കാശ് പോകുന്ന ഇടപാടാ'' എന്ന് എന്നെ ചേര്‍ക്കുവാന്‍ വിളിക്കുന്നവരോട് ഞാന്‍ പറയാറുണ്ട്; പക്ഷെ, ആ വിമര്‍ശനം തെല്ലും ഇഷ്ടപ്പെടാതെ 'ഹേയ് ഇതങ്ങനെയല്ല, രാജു ഒരു ക്ലാസ്സിന് വന്നാല്‍ മനസ്സിലാകും, എന്ന് പറയാന്‍ മാത്രം അവര്‍ അതില്‍ അഡികറ്റ് ആയി പോയതിനാല്‍, ഇനി തിരുത്തണ്ടാ കൂടെ പോയേക്കാം, എന്ന് വെച്ചാണ് ഓരോപ്രാവശ്യവും അത്തരം ക്ലാസ്സുകളില്‍ പോയത്. പലപ്പോഴും ഇത്തരം ക്ലാസ്സാണ് എന്നൊന്നും പറയാതെ, ''ഒരിടംവരെ വൈകിട്ട് പോകാം, വലിയ പ്രയോജനം ചെയ്യുന്ന കാര്യമാ'' എന്നാവും നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ആരെങ്കിലും നമ്മോട് പറയുക.( ആ പാവവും അതില്‍ മയങ്ങിപ്പോയതാണ്, അല്ലാതെ നമ്മളെയും കുരുക്കുവാണെന്ന് മനസ്സിലാക്കാതെയാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് ).
അവിടെ ചെല്ലുന്നവരെ 'കടം വാങ്ങിച്ചായാലും' ആ ചെയിനില്‍ കുരുക്കുവാനുള്ള സകല ചേരുവകളും നിറച്ച ദൃശ്യങ്ങള്‍ ഒരുക്കി കെണിയില്‍ ആക്കിയിരിക്കും ഉറപ്പ്. താല്‍കാലിക വെബ്സൈറ്റ് ഉണ്ടാവും, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ വമ്പന്‍ ഹാളിലാവും ക്ലാസ്സ്, വെല്‍ക്കം ഡ്രിങ്ക്സ് ഉണ്ടാവും, പ്രൊജക്റ്ററിന്റെ സഹായത്തോടെ,കോട്ടും സ്യൂട്ടും ധരിച്ച ഹിന്ദിസിനിമയിലെ നായകന്മാരെപ്പോലെയുള്ളവരാവും ക്ലാസ് നയിക്കുക. താര റാണിമാരേ പോലെയുള്ളവരും നമ്മോട്, നേരത്തെ ചേര്‍ന്ന് മാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്നു എന്ന് സാക്ഷ്യം പറയും. തുച്ഛമായ തുകയ്ക്ക്, മൂന്നു മാസം മുന്‍പ് വരെ ജോലി ചെയ്തിരുന്ന വലിയ വിദ്യാഭ്യാസമില്ലാത്തയാള്‍ക്ക് ഇപ്പോള്‍ ആഴ്ചതോറും, പതിനായിരക്കണക്കിന് ഡോളര്‍ കിട്ടിക്കൊണ്ടിരിക്കുന്ന സാക്ഷ്യം നിങ്ങള്‍ക്ക് അത്ഭുതമാകും. കേവലം നാലാംക്ലാസ്സുകാരനായ അയാള്ക്ക് മാസം കിട്ടുന്ന പത്തു ലക്ഷത്തിലധികം ഡോളറോ പോകട്ടെ, അതിലും എത്രയോ യോഗ്യതയുള്ള നിങ്ങള്‍ക്ക്, അതിന്‍റെ പകുതിയെങ്കിലും സമ്പാദിക്കുവാന്‍ നിസ്സാരമായി കഴിയില്ലേ എന്ന ചോദ്യം നിങ്ങളെ ആവേശ ഭരിതരാക്കും. മാത്രമല്ല, ഒരു പത്തു കോടിയെങ്കിലും സമ്പാദിക്കുന്നത് വരെ നിങ്ങള്‍ നിലവിലുള്ള ജോലി വിടരുതെന്ന് ഉത്തരവാദിത്ത ബോധത്തോടെ നിങ്ങളെ ഓര്‍മ്മിപ്പിക്കും. എത്രയുംവേഗം ചേര്‍ന്നാല്‍, അത്രയും കോടികള്‍ ഒരുവര്‍ഷത്തിനകം നിങ്ങളുടെ ആക്കൌണ്ടില്‍ വരുമെന്ന കണക്കുകള്‍ നിരത്തും. കാരണം, നമ്മള്‍ ഈ നിമിഷം ചേര്‍ന്നാല്‍, അടുത്ത നിമിഷം മുതല്‍ ചേരുന്നവനെല്ലാം നമ്മുടെ അണ്ടറില്‍ ആകുമത്രേ ( അംബാനിക്ക് പോലുമില്ലാത്ത ഭാഗ്യം കിട്ടുന്നത് തിരിച്ചറിയുന്ന നമ്മള്‍ അപ്പോള്‍ത്തന്നെ കടംവാങ്ങാന്‍ പരിചയക്കാര്‍ക്ക് ഫോണ്‍ വിളികള്‍ ആരംഭിക്കുകയോ, പരക്കംപായുകയോ ചെയ്യും തീര്‍ച്ച. സ്വന്തം സഹോദരനോടോ അളിയനോടോ പോലും സത്യം പറയില്ല, കാരണം അസൂയക്കും കുശുമ്പിനും പേരുകേട്ടവരായ മലയാളികള്‍, അത് ബന്ധുവായാലും നമ്മെ കോടീശ്വരന്‍ ആകാന്‍ അനുവദിക്കുമോ ? മാത്രമല്ല,വിവരം അറിഞ്ഞു ആക്രാന്തി മൂത്ത് അയാള്‍ നമ്മെക്കാള്‍ മുന്‍പേ ചേര്‍ന്നാല്‍,നമ്മുടെ ബോസ് ആയിപ്പോകുമല്ലോ ? നേരം വൈകും തോറും നമ്മള്‍ മറ്റ് പീറകകളുടെ കീഴില്‍ ആകും, എങ്ങനെയും അതൊഴിവാക്കി നമ്മള്‍ പരമാവധി കോടീശ്വരന്‍ ആകണമല്ലോ ? നമ്മള്‍ ഒരുതവണ പൈസ മുടക്കുകയും; ഏതെങ്കിലും 3 ദരിദ്ര നാരായണന്മാരെ ചങ്ങലയില്‍ ബന്ധിപ്പിക്കുകയും ചെയ്‌താല്‍ മാത്രം മതി; പിന്നെ, കൈയുംകെട്ടി ഇരുന്നാല്‍ മതി, ആ മൂന്ന് നാരായണന്മാര്‍ മറ്റ് മൂന്നു പേരെ ചേര്‍ക്കുമ്പോള്‍ നമ്മുടെ കീഴില്‍ മൊത്തം 12 നാരായണന്മാര്‍ ( നാരായണിമാരും, ദരിദ്രര്‍ അല്ലാത്ത വൈറ്റ് കോളറന്മാരും ഇഷ്ടംപോലെ ചേരും ). പിന്നെ ചേര്‍ന്ന് കഴിഞ്ഞാല്‍ നിങ്ങളും ഓട്ടോമാറ്റിക് ആയി മാനേജര്‍ ആയിക്കഴിഞ്ഞു, പക്ഷെ ഒരുകാര്യം കോട്ടും സ്യൂട്ടുമിട്ട് ആ പദവിക്ക് യോജിച്ച രീതിയില്‍ പുതിയ പുതിയ ഭാഗ്യാന്വേഷികളെയുമായി വേണം തുടര്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍, എന്ന് പ്രത്യേകം സംഘാടകര്‍ പറഞ്ഞ് നമ്മളെ പുളകം കൊള്ളിക്കും.
പിന്നീട് ഇത് പൊട്ടുന്നത് വരെ നാം മൂഡസ്വര്‍ഗത്തില്‍ ആറാടും, ഒരുവര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആലോചിച്ച് കൂട്ടും, മലേഷ്യയിലോ ദുബായിലോ പ്രോപര്‍ട്ടിയും ബിസിനസും, ആഡംബര കാറുകള്‍, സ്വന്തം, സെക്രട്ടറി മക്കള്‍ക്ക് വിദേശ വിദ്യാഭ്യാസം, നമ്മെ ചേര്‍ത്തയാല്‍ മശിഹായും- തട്ടിപ്പുകാര്‍ പുതിയ ദൈവങ്ങളും ആകയാല്‍, യഥാര്‍ത്ഥ ദൈവത്തെ അന്നേ മനസ്സില്‍ നിന്നും കുടിയിറക്കിയിട്ടുണ്ടാവും, പുതിയ പദവിക്ക് യോജിച്ച ഭാര്യയല്ല നിലവിലുള്ളത് എന്ന തോന്നലും ചിലരില്‍ ഉണ്ടായ കഥകളും ഉണ്ട്, ''ഇതുവരെ എന്താണ് എനിക്കിങ്ങനെ തോന്നാഞ്ഞു'' എന്ന പാട്ട് പാടി കുളിമുറിയില്‍ നാം ആടും; പിന്നെ എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ എന്ന് ആശ്വസിക്കും. രണ്ടോമൂന്നോ മാസം കഴിഞ്ഞ്, താന്‍ ജോലി ചെയ്യുന്ന സ്ഥാപനം വിലയ്ക്ക് വാങ്ങി, അഹങ്കാരിയായ മാനേജരെ പായ്ക്ക് ചെയ്യുവാന്‍ കഴിയുമെന്നതിനാല്‍, ജോലിയിലെ ശ്രദ്ധയും, ക്രിത്യതയുമൊക്കെ കുറഞ്ഞിട്ടുള്ളതിനാല്‍, മിക്കവാറും സ്വയം പായ്ക്ക് ആകുവാനാകും നമ്മുടെ വിധി.
ആദ്യ കുറെ മാസങ്ങളില്‍ ആദ്യമാദ്യം ചേരുന്ന ചിലര്‍ക്ക് അല്‍പസ്വല്‍പമൊക്കെ കിട്ടും (പിന്നീട് ചേരുന്നവരെ വിശ്വസിപ്പിക്കുന്നതിന്റെ ഭാഗമായി അങ്ങനെ ബോധപൂര്‍വ്വം ചെയ്യുന്ന നാടകമാണത് ). അപ്പോഴേക്കും ഇതിന്റെ നടത്തിപ്പുകാര്‍ ഓരോരുത്തരും അനേക കോടികളുടെ അധിപന്മാര്‍ ആയിരിക്കും; വിശ്വാസം വരുന്നില്ല ആല്ലേ, സ്കൂളില്‍ പഠിച്ച സമഗുണിത പ്രോഗ്രഷന്‍ നടത്തി നോക്കിയാല്‍ മനസ്സിലാകും, ആ ഭീമന്‍ സംഖ്യ എത്ര വലുതാണെന്ന്.
രാജകുമാരിയെ സൌഖ്യമാക്കിയ മന്ത്രവാദിക്ക് രാജാവ് വാഗ്ദാനംചെയ്ത പൊന്നും പണവും ജോലിയും ഒന്നും വേണ്ടത്രേ. എന്തെങ്കിലും വാങ്ങിച്ചില്ലേല്‍ നന്ദികേടായി തോന്നരുതല്ലോ എന്ന് കരുതി, ആ വിനീതന്‍ കുറെ നെല്ല് മാത്രം ഫീസായി ചോദിച്ചു. മന്ത്രവാദിയുടെ മണ്ടത്തരത്തെയോര്‍ത്ത് സദസ്യര്‍ അടക്കിപ്പിടിച്ചു പരിഹസിച്ചു.ആ നെല്ല് അളക്കുന്നതില്‍ മന്ത്രവാദി ഒരു നിബന്ധനയും വെച്ചു. 64 കളത്തിലായി, ആദ്യ കളത്തില്‍ ഒരുപറ, രണ്ടാമത്തതില്‍ അതിന്‍റെ ഇരട്ടിയായ രണ്ട് പറ, മൂന്നാം കളത്തില്‍ രണ്ടിന്റെ ഇരട്ടി നാല്, അങ്ങനെ ഇരട്ടിയായി ഓരോ കളത്തിലും. ഇത്ര നിസാരമായ അളവ് നെല്ല് ഉടനെ കൊടുക്കുവാന്‍ രാജാവ് കല്‍പ്പിച്ചു. അളന്നു തുടങ്ങിയപ്പോഴാണ് അതിന്‍റെ കെണി സകലര്‍ക്കും ബോധ്യമായത്. പകുതി കളത്തില്‍ എത്തിയപ്പോഴേക്കും രാജ്യത്തുള്ള നെല്ല് മുഴുവന്‍ തീര്‍ന്നു. രാജവാഗ്ദാനം മാറ്റാന്‍ പറ്റില്ലല്ലോ, പകരം പണം കൊടുത്ത് തുടങ്ങി. 50 കളമാകുന്നതിന് മുന്‍പുതന്നെ രാജ്യം തന്നെയും അടിയറവെച്ചു രാജാവ് വനവാസത്തിനു പോകേണ്ടിവന്നുവത്രേ.
ഇതുപോലെയാണ് ചുരുങ്ങിയ സമയംകൊണ്ട് തട്ടിപ്പുകാര്‍ നേടിയിട്ടുണ്ടാവുക. അവിടെ ഇരട്ടി വീതമാണ് ഇരട്ടിക്കുന്നതെങ്കില്‍, ഇവിടെ മൂന്നു വീതം ആള്‍ക്കാരെ കണ്ണികളാക്കുക വഴി, ലോകം തന്നെ വാങ്ങാനുള്ള പണം നേടിയിട്ടുണ്ടാവും.
പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നതിനു മുന്‍പുതന്നെ ആശാന്മാര്‍ മുങ്ങിയിട്ടുണ്ടാവും. വിദേശത്ത് എങ്ങാണ്ട് ഉള്ള, നിങ്ങള്‍ ഡോളറില്‍ നിക്ഷേപിച്ച അക്കൌണ്ട് ക്ലോസ് ചെയ്തിട്ടുണ്ടാവും. പലരുടെയും ഒരുവര്‍ഷ സമ്പാദ്യമെങ്കിലും, ഒറ്റതവണ മുടക്കിയതില്‍ പോയിട്ടുണ്ടാവും, അതും കടം വാങ്ങിയത്.
* ഇതുപോലെ, വലിയ ചില ഹോട്ടലുകളിലെ ക്ലബ്ബില്‍ അംഗത്വം എടുപ്പിക്കുന്ന തന്ത്രം ഇപ്പോഴും ഗള്‍ഫില്‍ വരെ നിര്‍ലോഭം തുടരുന്നു. എടുത്ത് പറയേണ്ടല്ലോ ''വര്‍ഷത്തില്‍ ഒരുദിവസം ഫ്രീയായി താമസിക്കുവാനും, തമിഴ്നാട്ടിലെ ഓണംകേറാ മൂലയില്‍ അഞ്ച്സെന്റ് കിട്ടാനുമായി, മൂന്നു ലക്ഷം ഇന്ത്യന്‍ രൂപയുടെ മെമ്പര്‍ഷിപ്പ് എടുക്കുന്ന'' ഭാഗ്യവാന്മാരില്‍ കൂടുതലും മലയാളികള്‍ തന്നെ. ഏതെങ്കിലും മാളുകളില്‍ സൌജന്യമായി ലോട്ടറി കൂപ്പണ്‍ നല്‍കി പൂരിപ്പിച്ച് ഇടുവാന്‍ പ്രേരിപ്പിച്ചുകൊണ്ടു് തട്ടിപ്പ് തുടങ്ങുന്നു. ഒരു ഫാമിലിക്ക് ഒന്നേ ഇടാന്‍ പാടുള്ളൂ എന്നൊക്കെ വ്യാജ നിര്‍ബ്ബന്ധവും പറയും. ഏറെ താമസിയാതെ '' ലോട്ട് ഇട്ട രണ്ടായിരം പേരിലെ, 20- ഭാഗ്യവാന്മാരില്‍ ഒരാളെ തെരഞ്ഞെടുത്തതില്‍ അഭിനന്ദനം അറിയിച്ചുള്ള കളമൊഴി കാതരം നമ്മില്‍ എത്തിയിരിക്കും. ഇതില്‍ സംശയം തോന്നിയ ഞാന്‍, സൂത്രത്തില്‍ 5 കൂപ്പണ്‍ കൈക്കലാക്കി എന്‍റെ കുടുംബാംഗങ്ങളുടെ എല്ലാവരുടെയും പേരില്‍, പൂരിപ്പിച്ചിട്ടു. രസാവഹമെന്നു പറയട്ടെ അഞ്ചുപേര്‍ക്കും 20-ല്‍ ഒരാളായി തെരഞ്ഞെടുത്ത വിളി വന്നു. എല്ലാത്തിലും ഒരേ മൊബൈല്‍ഫോണ്‍ നമ്പര്‍ കൊടുത്ത എന്‍റെ മണ്ടത്തരം, വിളിച്ചവര്‍ പലരാകയാല്‍ മനസ്സിലായില്ല. വിളി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഇടയ്ക്കിടെ വരുന്നു.
ആംഗലേയത്തില്‍ തുടങ്ങുന്ന മൊഴി ''സാരു മളയാലി ആനോ, നാന്‍റെ മമ്മി വീദു കോത്തയത്താ'' എന്ന മന്ഗ്ലീഷിലേക്ക് മാറും, നമുക്ക് ഒരു പ്രത്യേക സമയം തന്നിട്ട്, ആ സമയത്ത് ലഭിച്ച വലിയ സമ്മാനം ഏറ്റുവാങ്ങുവാന്‍ ചെല്ലണം എന്ന് പറയും; സമ്മാനം എന്താണെന്നൊക്കെ സര്‍പ്രൈസ് ആണെന്ന് പറയും, അതും ഫാമിലി സഹിതം ചെന്നെങ്കിലെ സമ്മാനം തരികയുള്ളൂവെന്ന് കുടുംബം ഉള്ളവരെ പ്രത്യേകം നിര്‍ബ്ബന്ധിക്കും. ( ആ രണ്ടായിരം പേരെയും ഇതേപോലെ വിളിക്കുന്നുണ്ട് എന്ന സത്യം, ആര്‍ക്കും പരസ്പരമറിയില്ല ). നമ്മുടെ ഈ വലിയ സമ്മാനം ഏറ്റുവങ്ങേണ്ടത് നമ്മെക്കാള്‍ ആവശ്യം, ഇവര്‍ക്കാകയാല്‍ അവിടെ എത്തുന്നതുവരെ കൂടെക്കൂടെ ''സാര്‍ നാളെ വരില്ലേ, ട്രാഫിക് ജാം ഉള്ളതിനാല്‍ നേരത്തെ ഇറങ്ങണം, കുടുമ്പത്തെയും കൂട്ടണം,പാര്‍ക്കിംഗ് പിറകിലുണ്ട്, ഇങ്ങ് എത്താറായോ'' തുടങ്ങിയ ലൈവ് വിവരങ്ങള്‍ക്കായി നമ്മളെ വിളിച്ചുകൊണ്ടേയിരിക്കും. നമ്മള്‍ തടി തപ്പുന്നില്ലെന്ന് ഉറപ്പിക്കാനും, ഇടവിട്ട് പലര്‍ക്കും അപ്പോയിന്റ്മെന്റ് കൊടുത്തിട്ടുള്ളതിനാല്‍, ഇരകള്‍ പരസ്പരം കണ്ട് പദ്ധതി പൊളിയാതിരിക്കാനുമുള്ള ഭാഗീരത ശ്രമത്തിലാവും പാവം കോള്‍ ഏജന്റ്. അവിടെ ചെന്നുപോയാല്‍ ആനയും അമ്പാരിയും ഒഴികെയുള്ള എല്ലാവിധ സ്വീകരണവും ഒരുക്കിയിരിക്കും; കെണിയില്‍ പെടുത്താനുള്ള എല്ലാ സെറ്റപ്പും ഒരുക്കിയിരിക്കും. ഇന്ത്യയില്‍ എവിടെയോയുള്ള ഹോട്ടലില്‍ നാല് ദിവസം താമസിക്കുവാനുള്ള അഡ്രസ് ഇല്ലാത്ത വൗച്ചര്‍ നിങ്ങള്‍ക്ക് തന്ന് സന്തോഷിപ്പിച്ച് തട്ടിപ്പിന്‍റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും. അവരുടെ കള്ബ്ബിലെ മെമ്പര്‍ഷിപ്പ് കിട്ടുന്ന അപൂര്‍വ്വ ഭാഗ്യം നിങ്ങള്‍ക്ക് വന്ന കാര്യത്തില്‍ നിങ്ങളെ അനുമോദനങ്ങളുടെ പൂക്കളാല്‍ മൂടും. അതിന് കാശായി നിസ്സാര തുകയായ പത്തു ലക്ഷത്തിനടുത്തെയുള്ളു എന്ന യാഥാര്‍ത്ഥ്യം, നിങ്ങളെ ബോധിപ്പിക്കും. അതും ഇന്നുതന്നെ ചേര്‍ന്നാല്‍; നാളെയായാല്‍ അത് പതിനഞ്ച് ലക്ഷമായി കൂടും. മാത്രമല്ല ഇന്നുതന്നെ ചേര്‍ന്നാല്‍, മറ്റൊരു സര്‍പ്രൈസ് ഗിഫ്റ്റ് നമുക്ക് കിട്ടും. അതെന്താണെന്ന് നമ്മള്‍ നിര്‍ബ്ബന്ധിച്ചാല്‍ പറയും, തമിഴ്നാട്ടില്‍ ( ഏതോ ഓണംകേറാ മൂലയാണ് അതെന്നും, അവിടെ ഒരു സെന്റ് ഭൂമിക്ക് രണ്ടായിരം രൂപയ്ക്ക് പോലും ആരും വാങ്ങില്ലെന്നും, നാം അപ്പോള്‍ ചിന്തിക്കുകയുമില്ല, അതിനുള്ള ഗ്യാപ്പ് നമുക്ക് തരികയുമില്ല. ).
കൈയില്‍ ഇപ്പോള്‍ കാശില്ലെങ്കില്‍, നമുക്ക് ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുവാനുള്ള ഭാഗ്യവും ഉണ്ട്; ക്രെഡിറ്റ്കാര്‍ഡ് ഇല്ലെങ്കില്‍, അതുണ്ടാക്കി തരാനുള്ള സൌകര്യവും റെഡി, ബാങ്കിന്റെ ഒരു കൌണ്ടര്‍ അവിടെ സജ്ജമാക്കിയിട്ടുണ്ട്. ആനന്ദലബ്ധിയില്‍ നമ്മുടെ കണ്ണുകള്‍ ഈറനായാല്‍ തെറ്റുണ്ടോ ? ബാക്കിയൊക്കെ ആദ്യത്തെ മണി ചെയിന്‍ തട്ടിപ്പിന് സമം. നമ്മള്‍ മെമ്പര്‍ഷിപ്പ് എടുത്ത് പെട്ടിരിക്കും. അവിടെ നിന്ന് രക്ഷപ്പെട്ടവരെ തേടി പിന്നെയും പിന്നെയും ആജീവനാന്തം വിളികള്‍ വന്നുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് വീണ്ടുംവീണ്ടും ഭാഗ്യം അടിച്ചവിവരം അറിഞ്ഞുകൊണ്ടേയിരിക്കാം. ചെല്ലുന്നവരുടെയെല്ലാം കോണ്ടാക്റ്റ് നമ്പര്‍ അവിടെ സേവ് ചെയ്യുന്നതിനാല്‍ ( അത് വിളിക്കുവാന്‍ ധാരാളം ആള്‍ക്കാരുള്ള കോള്‍ സെന്റര്‍ ഉണ്ട്, കൈയില്‍ കിട്ടുന്നവര്‍ എല്ലാം , നമ്മെ മറ്റൊരാള്‍ വിളിച്ചതറിയാതെ വീണ്ടുംവീണ്ടും ഇരകളെ വേറൊരു എജന്റ്റ് തപ്പുന്നതാണ് ), പിന്നീടുള്ള വിളിയില്‍ നിന്ന് നമുക്ക് രക്ഷയില്ല. ഈയടുത്ത കാലത്ത് പാര്‍ക്കില്‍ ഗെറ്റ് റ്റുഗതര്‍ കൂടാന്‍ തെരഞ്ഞെടുത്ത അപൂര്‍വ്വ ഭാഗ്യവാന്മാരായി, കളം മാറ്റിയിട്ടുണ്ട്.
* തൃശൂരിലുള്ള ഒരു വലിയ ട്രേഡിംഗ് ഏജന്റിന്റെ കമ്പനി ഷെയര്‍ പലയിടത്തും 7 ലക്ഷം മുതല്‍ വാങ്ങി വിട്ടുകൊണ്ടിരിക്കുന്നു, ഒരുകോടി രൂപ കൊടുത്താല്‍, നേരിട്ട് നമ്മള്‍ ഡയറക്ടര്‍ ആകുന്നു. അങ്ങനെ ഡയറക്ടറന്മാരായവര്‍ നൂറ് കണക്കിനാണ്. ദോഷം പറയരുതല്ലോ അവര്‍ വാഗ്ദാനംചെയ്ത വാര്‍ഷിക ബോണസ്, ചേര്‍ന്നവര്‍ക്ക് ഇപ്പോള്‍ കിട്ടുന്നുണ്ട്. എന്നാല്‍ അവരുടെ നാട്ടിലുള്ള കോടികളുടെ ആസ്തികളെക്കാള്‍ എത്രയോ ഇരട്ടിയാണ് ഇവിടെ നിന്ന് കണക്കില്‍ പെടാതെ വാങ്ങിയിരിക്കുന്നത്. സെബിയുടെ ( Securities and Exchange Board of India ) യുടെ അംഗീകാരമില്ലാതെ, കമ്പനി ഷെയറുകള്‍ വില്‍ക്കുന്നതും വാങ്ങുന്നതും അനധികൃതമാണെന്ന് മനസ്സിലാക്കുക. അതും പാന്‍ കാര്‍ഡും, ഡീമാറ്റ് അക്കൌണ്ടും ഉള്ളവര്‍ക്ക് IPO ( നിശ്ചിത ഓഹരികള്‍ മാത്രം ), FPO ( മാര്‍ക്കറ്റ് വിലയ്ക്ക് ) ഓഹരി വിപണിയില്‍ കൂടി മാത്രം.
ഇനിയും എന്തെല്ലാം തട്ടിപ്പുകള്‍.ആടും തേക്കും മാഞ്ചിയവും തുടങ്ങി; എമു ഫാമും, ഫാം ടൂറിസവും,മലേഷ്യന്‍ കൂണും; ഇനിയും എന്തെല്ലാം പുതിയ രീതിയില്‍ വരാം. 002 എന്ന് തുടങ്ങുന്ന നമ്പരുകള്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കുക.
നമ്മള്‍ മലയാളികള്‍ പഠിക്കില്ല; ആരുടേയും വാചക കസര്‍ത്തില്‍ വിശ്വസിക്കുകയും, ഹേയ് ഇത് അങ്ങനെയൊന്നുമല്ല എന്ന് സ്വയം പറഞ്ഞ് കെണിയില്‍ വീഴുകയും ചെയ്തുകൊണ്ടേ ഇരിക്കും.
ലോട്ടറി അടിച്ചു, കോടീശ്വരനായ എന്റെ അച്ഛന്‍ നിങ്ങളുടെ നാട്ടില്‍ വെച്ച് മരിച്ചതിനാല്‍, എനിക്കുള്ള സ്വത്ത് വാങ്ങി തരുവാന്‍ സഹായിച്ചാല്‍, പത്ത് ശതമാനം കമ്മീഷന്‍ തരാം. എന്‍റെ മരണശേഷം അനാഥമാകുന്ന വലിയ സ്വത്ത് ഏതെങ്കിലും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്ക് നല്‍കാന്‍ സഹായിക്കണം എന്നൊക്കെയുള്ള വാചകമടിയില്‍ വീഴുന്നവര്‍, പ്രാരംഭ നടപടികള്‍ക്കായി നല്ലയൊരു തുക ആരുമറിയാതെ തട്ടിപ്പുകാരന്റെ അക്കൌണ്ടില്‍ ഇടുന്നു ( കിട്ടാന്‍ പോകുന്ന വലിയ സംഖ്യയുടെ വളരെ ചെറിയ ശതമാനമേ ഉള്ളല്ലോ എന്ന മിഥ്യാധാരണ അത് നമ്മെക്കൊണ്ട് ചെയ്യിച്ചിരിക്കും).
ഈ ലോകത്ത് ഇന്നു വരെ ചുരുങ്ങിയ കാലം കൊണ്ട് പണം ഇരട്ടിപ്പിക്കുന്ന ഒരു തരത്തിലും ഉള്ള സാമ്പത്തിക തന്ത്രങ്ങളും ഇല്ല. ആരും ഒന്നും ആർക്കും വെറുതെ അങ്ങു കൊടുക്കില്ല. ഇന്നലെ വരെ മാറാപ്പു തോളിലേറ്റി നടന്നിരുന്നവൻ ഇന്നു മാളിക മുകളിൽ വാഴുന്നു എങ്കിൽ അവൻ സമ്പാദിച്ചത് തീർച്ചയായും നല്ല വഴിയിലൂടെ ആയിരിക്കില്ല. കേട്ടിട്ടില്ലേ, "behind every great fortune there is a crime". വളരെ ശരിയാണത്. സ്വർണ്ണം കടത്താൻ സഹായിച്ചവരിൽ നിന്നും 12 കോടി "സമ്പാദിച്ച" ആ എമിഗ്രേഷൻ പോലീസുകാരൻ തന്നെ ഉത്തമ ഉദാഹരണം. ഇങ്ങനത്തെ കുതന്ത്രങ്ങളിൽ ചെന്നു ചാടാതെ സൂക്ഷിക്കുക. നമ്മൾ വിയർപ്പൊഴുക്കി സമ്പാദിച്ചതിന്റെ വില മറ്റൊന്നിനും ഇല്ല. അത് കണ്ട കള്ളന്മാരും രാഷ്ട്രീയക്കാരും കൊണ്ടു പോയി തിന്നാതെ സൂക്ഷിക്കുക.
ഗള്‍ഫുകാരന്റെ മിച്ചം മുഴുവന്‍ ലൈഫ് ഇന്ഷുറന്സ് പോളീസിയില്‍ അടയ്ക്കുന്ന കെണിയില്‍ അകപ്പെടുത്തുന്ന ഏജന്റുമാരില്‍ നിന്ന് നോ പറഞ്ഞ് അകന്നു നില്‍ക്കാനുള്ള ആര്‍ജ്ജവം കാട്ടുക. ഇന്ഷുറന്സ്, സമ്പാദ്യം എന്നിവ രണ്ടാണെന്ന് മനസ്സിലാക്കുക. ഒരിക്കലും ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് ഇന്ഷുറന്‍സ് ഏജന്റിന് കൊടുക്കരുത്. നിങ്ങളുടെ മിച്ചം മുഴുവന്‍ വര്‍ഷങ്ങളോളം ഇന്ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടിവരുന്ന ചതിക്കുഴിയില്‍ പെടരുത്. ഇത്തരം ലൈഫ് ഇന്ഷുറന്സ് മൂലം പണം നഷ്ടപ്പെടുകില്ലെങ്കിലും, നമ്മള്‍, മൂന്നിലൊന്നു തവണ അടയ്ക്കുന്നതിന് മുന്‍പ് മരിച്ചാല്‍ മാത്രമേ ലാഭകരമാകു.
യൂണിറ്റ് ലിങ്ക്,ഇന്ഷുറന്‍സ് + എന്നിവയെക്കാള്‍ നല്ലത് 'ടേം ഇന്ഷുറന്സ്' ആണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക. എല്ലാ ബ്രെഡും ഒറ്റ ബാസ്കറ്റില്‍ ഇടരുത് എന്ന പഴമൊഴി ഓര്‍ത്തു വെയ്ക്കുക, ആരെങ്കിലും മേല്‍പ്പറഞ്ഞതിന് സമാനമായ ക്ലാസ്സിന് വിളിക്കുമ്പോള്‍ തന്നെ മണി ചെയിന്‍ അപകടം മണത്തു, ഒഴിഞ്ഞുമാറുക. ഈ പത്തു ദിവസത്തിനകം ചേര്‍ന്നാല്‍ ഒരു ഓഫര്‍ ഉണ്ട്, മൊത്തം അടവില്‍ ആയിരം രൂപാ കുറഞ്ഞു കിട്ടും, എന്ന് പ്രലോഭിപ്പിച്ച് സമ്മര്‍ദ്ദം ചെയ്ത്, നിങ്ങളെ ഉടനടി ഇന്ഷുറന്സില്‍ ചേര്‍ക്കാന്‍ ഏജന്റ് കാട്ടുന്ന സാമര്‍ത്ഥ്യത്തില്‍ വീഴരുത്; ഓഫറുകള്‍ ഇതല്ലെങ്കില്‍ വേറൊന്ന് വന്നുകൊണ്ടേയിരിക്കും.
നിങ്ങളുടെ കൈയില്‍ മിച്ചം കാശുണ്ടെങ്കില്‍, ഏറ്റവും നല്ലത് അതുകൊണ്ട് ''പരമാവധി വഴിയരികിലോട്ടു ചേര്‍ന്ന് ചെറിയ പ്ലോട്ട് വാങ്ങി ഇടുക, കുറെ കാശ് സഹകരണസംഘങ്ങളില്‍ ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങുക'' എന്നതൊക്കെയാണ്. ബിസിനസ്- മ്യൂച്ചല്‍ഫണ്ട്- ഓഹരി തുടങ്ങിയവ ആണെങ്കില്‍ പോലും ആകെയുള്ള സ്വത്തിന്റെ പത്ത് ശതമാനത്തില്‍ അധികം ഇട്ട് കളിക്കരുത്. ആകെ ലക്ഷ്യം വെയ്ക്കുന്ന തുകയുടെ പകുതിക്ക് മാത്രം, വിവിധ സെക്ടറുകളിലായി പല ഓഹരികളില്‍ നിക്ഷേപം diversified ചെയ്യുക.
Expert-കള്‍ പറയുന്ന ഓഹരി വാങ്ങിക്കുക; പക്ഷെ എത്ര വിടഗ്ദാനായാലും അയാളെ കണ്ണടച്ച് വിശ്വസിച്ച് മുഴുവന്‍ തുകയ്ക്കും ആ ഓഹരി വാങ്ങാതെ, ആകെ നിക്ഷേപിക്കുന്ന തുകയുടെ 5% മാത്രം തുകയ്ക്ക് ആ ഓഹരി വാങ്ങുക. സെന്‍സെക്സ് ഇടിവുമൂലം നമ്മുടെ ഓഹരി ഇടിഞ്ഞാല്‍, സന്തോഷിക്കുക; കാരണം നിസ്സാര തുകയ്ക്ക് നമ്മുടെ ഓഹരി ആവറേജ് ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. ഇതൊരു ചാക്രികമാണ്, ഇടിഞ്ഞു തുടങ്ങിയ പോയിന്റിലും മേലേ ,ഇന്നല്ലെങ്കില്‍ നാളെ എത്തിയിരിക്കും, അപ്പോഴുള്ള നേട്ടം വലുതാവും. എന്നാല്‍, സെന്‍സെക്സ് ഇടിയാതെയും, ബോണസ്സോ ഡിവിഡന്റോ ലഭിക്കാതെയും, നിങ്ങളുടെഏതെങ്കിലും ഓഹരി 30%- ല്‍ കൂടുതല്‍ ഇടിഞ്ഞാല്‍, ആ ഓഹരി വിറ്റ്, പുതിയതായി ഒന്നിലധികം വിദഗ്ദര്‍ ശുപാര്‍ശ ചെയ്ത ഓഹരിയില്‍ നിക്ഷേപിക്കണം. 100% - ത്തിലേറെ വര്‍ദ്ധിച്ച ഓഹരിയുടെ പകുതി വിറ്റ് , മുതല്‍ തിരികെയെടുക്കണം. മ്യൂച്ചല്‍ഫണ്ടും ഒരൊറ്റ ഫണ്ടിലായിഇടരുത്; അത് SIP ആയെ തുടങ്ങാവു.
''വസ്തു വാങ്ങാനോ - വീട് വയ്ക്കാനോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനോ'' അല്ലാതെ കടം എടുക്കരുത്.
പ്രലോഭിപ്പിക്കുന്ന അശ്ലീല സൈറ്റുകളില്‍ ക്ലിക്ക് ചെയ്യരുത്. ഗ്രൂപ്പ് അഡ്മിന്‍ ചെയ്യുന്നവര്‍, ഡയറക്ട് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുവാന്‍ അനുവദിക്കാതെ അപ്രൂവ് ചെയ്യുന്ന രീതിയാക്കണം.
ഫേസ്ബുക്കില്‍ , സ്ത്രീകളുടെ പേരും സിനിമാനടിയുടെ ഫോട്ടോയുംവെച്ച് അപഥസഞ്ചാരത്തിന്‍റെ കഥകള്‍ മാത്രം പോസ്റ്റ് ചെയ്യുകയും ചെയ്യുന്നവര്‍ ഫേക്ക് പുരുഷന്‍ ആണെന്ന് തിരിച്ചറിയുക ( അതറിയുന്ന പുരുഷന്മാര്‍ പോലും,ഇനി ഒരുപക്ഷെ സ്ത്രീ ആയാലോ എന്ന് കരുതി ഫെക്കിന്റെ പോസ്റ്റിന് ആദ്യം ലൈക്ക് അടിക്കാന്‍ ആര്‍ത്തി കാട്ടുന്നത് കാണാം). അപരിചിതരെ ഫ്രണ്ട് ആക്കിപ്പോയിട്ടുണ്ടെങ്കില്‍ നീക്കംചെയ്യുക. സ്കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത മന്ത്രവാദികള്‍, ഉന്നത വിദ്യാഭ്യാസമുള്ളവരുടെ പോലും വിശ്വാസം ജനിപ്പിച്ച് 'കൂടോത്രം' എന്ന് പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടി ഇന്നും നിര്‍ലോഭം കാശുണ്ടാക്കുന്നത് തുടരുന്നു. അതുപോലെയാണ് ചിലര്‍ മതത്തെയും കൂട്ടുപിടിച്ച് തട്ടിപ്പ് നടത്തുന്നത്. പ്രവചനം രോഗശാന്തി തുടങ്ങിയ എന്തെല്ലാം ചാകര.
ജോലി വേക്കന്‍സി ഉണ്ടെന്ന പരസ്യം നല്‍കി, ചെല്ലുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നെല്ലാം നല്ലയൊരു തുക രജിസ്ട്രേഷന്‍ ഫീസ് വാങ്ങി, ജോലി ശരിയായാല്‍ അറിയിക്കാം എന്ന്പറഞ്ഞ് തട്ടിപ്പ് നടത്തുന്ന ഓഫീസുകള്‍ ഗള്‍ഫിലും ഉണ്ട്. അതിസുന്ദരിയായ ജോലിയുള്ള സമ്പന്ന യുവതിക്ക് ,പുനര്‍വിവാഹത്തിനു അപേക്ഷ ക്ഷണിച്ചുകൊണ്ട്, വിവാഹ ബ്യൂറോകള്‍ മാധ്യമങ്ങളില്‍ വ്യാജ പരസ്യം നല്‍കി ഇരകളെ വീഴ്ത്തുന്നു. മാനദണ്ഡങ്ങള്‍ ഒന്നുമില്ലാത്ത ആരില്‍ നിന്നും ആലോചന ക്ഷണിച്ചാല്‍, പതിനായിരങ്ങള്‍ അകമികയാ അപേക്ഷകള്‍ അയക്കും. രജിസ്ട്രേഷന്‍ ഫീസായി ചുമ്മാ ലക്ഷങ്ങള്‍ സമ്പാദിക്കാം.
ഒരേ നമ്പരില്‍ ഒന്നിലധികം വാട്ട്സാപ് അക്കൌണ്ട് ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍, ചാറ്റ് ചെയ്യുന്നത് , നമ്മള്‍ ഉദ്ദേശിച്ച ആളുമായിട്ടാണെന്ന് വിളിച്ച് ഉറപ്പ് വരുത്തുക. ചില സ്ത്രീകളെങ്കിലും ഫേസ്ബുക്ക് വഴി സ്വയം കുഴിയില്‍ചാടുന്നതാണ്. അറിയാന്‍ വയ്യാത്ത പുരുഷന്മാരെ സുഹൃത്ത് ആക്കിയും, ദിവസവും പല പോസില്‍ ഫോട്ടോയും ഡബ്- മാഷ് ക്രിയേറ്റ് ചെയ്തു ഇട്ടും ലൈക്ക് നേടുന്നവര്‍, മറ്റുള്ളവര്‍ക്ക് കുരുക്കാനുള്ള ഇരയാകാന്‍ സാധ്യതയേറെയാണ്. പിന്നീട് ദുഖിചിട്ടും, ആത്മഹത്യ ചെയ്യുമെന്ന പോസ്റ്റ് ഇട്ടിട്ടും പോയ മാനം തിരിച്ചു കിട്ടുമോ ?
അറിവില്ലാതെ ''പാവപ്പെട്ട - ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്ന'' ആരും അബദ്ധത്തില്‍ ചാടരുത് എന്ന് കരുതി, അവരെ ഉദ്ദേശിച്ചു മാത്രമാണ് ഈ എഴുത്ത്. അല്ലാതെ, കാശ് പോയാല്‍ എനിക്ക് പുല്ലാ എന്നുള്ളവരെയും; ഇങ്ങനെയൊന്നും പെടാതെ ഞാന്‍ നോക്കിക്കോളാം എന്ന അതി മിടുക്കന്മാരേയും ഉദ്ദേശിച്ചല്ല. അതുകൊണ്ട് വിവാദത്തിനുമില്ല.
COURTESY: ( rajupathanamthitta@gmail.com, 00971-50-6983019 )
No comments:
Post a Comment