സാക്ഷരതയില്‍ വളരെ മുന്നില്‍ നില്ക്കുന്ന കേരളത്തിലെ കുറേയധികം വ്യക്തികളെങ്കിലും വ്യാജ എസ്. എം. എസിലും, വ്യാജ ഇ-മെയില്‍ ഇന്റര്‍നെറ്റ് സന്ദേശങ്ങളിലുംപെട്ട് വഞ്ചിതരായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുന്നതായി പരാതി ലഭിച്ചുകൊണ്ടിരിക്കുന്നു. റിപ്പോര്ട്ട് ചെയ്യപ്പെടുന്ന കേസ്സുകളേക്കാള്‍ വളരെയധികമായിരിക്കാം പണം നഷ്ടപ്പെട്ട സംഭവങ്ങള്‍. അഭിമാനക്ഷതമെന്ന് കരുതി പുറത്തു പറയാതെ അത്തരക്കാര്‍ നഷ്ടം സഹിക്കുകയാണ്. ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയുമുളള ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിവില്ലാത്തവരും എളുപ്പവഴിയില്‍ പണം സമ്പാദിക്കാന്‍ ആഗ്രഹമുളളവരുമാണ് ഇപ്രകാരമുളള തട്ടിപ്പുകളില്‍പ്പെട്ട് വഞ്ചിതരാകുന്നത്. ഒരു അന്തര്‍ദേശീയ ലോട്ടറിയില്‍ താങ്കള്‍ ഒരു വലിയ തുക നേടിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഒരു എസ് എം എസ് സന്ദേശമോ ഒരു ഇ-മെയിലോ വഞ്ചിതരാകുന്നവര്‍ക്ക് ലഭിക്കുന്നു. ഒരു വലിയ കൂട്ടം മൊബൈല്‍ നമ്പറുകള്‍ക്കിടയില്‍ നിന്നോ ഇ-മെയില്‍ വിലാസങ്ങള്‍ക്കിടയില്‍ നിന്നോ ഭാഗ്യവാനായ താങ്കളെ തെരഞ്ഞെടുക്കുകയായിരുന്നു എന്നായിരിക്കും സന്ദേശത്തിന്റെ ഉളളടക്കം. അല്ലെങ്കില്‍ ഒരു വിദേശബാങ്കിന്റെ അക്കൗണ്ടിലുളള ഒരു വലിയതുക പിന്‍വലിക്കുന്നതിന് താങ്കളുടെ സഹായം അഭ്യര്‍ദ്ധിച്ചുകൊണ്ടും ആ തുകയുടെ ഒരു വിഹിതം താങ്കള്‍ക്ക് നള്‍കാമെന്ന വഗ്ദാനവും ഉണ്ടാകും. അവര്‍ക്ക് എന്തുകൊണ്ട് താങ്കളുടെ സഹായം വേണമെന്നത് വിശ്വസിക്കത്തക്കതായി അവതരിപ്പിക്കുവാന്‍ പലതരം കഥകള്‍ അത്തരം വഞ്ചകര്‍ മെനെഞ്ഞെടുക്കാം.
ഉദാഹരണമായി
1) രാഷ്ട്രീയ കാലാവസ്ഥയോ നിയമ പ്രശ്‌നങ്ങളോ കാരണം വിദേശ ബാങ്ക് അക്കൗണ്ട് ലഭ്യമാക്കാനാകുന്നില്ല.
2)അക്കൗണ്ട് കൈവശമുണ്ടായിരുന്ന മരണപ്പെട്ട വ്യക്തിയുടെ പേരിന് താങ്കളുടെ പേരുമായി സാമ്യമുണ്ടെന്നും അക്കൗണ്ട് തുടരാനായി അയാളുടെ ബന്ധുവായി നടപടികളില്‍ ഏര്‍പ്പെടാനാകുമോ എന്ന് അന്വേഷിച്ചുകൊണ്ടും
3) മാരകമായ രോഗമുളള ഒരു ധനികമായ വ്യാപാരിക്ക് അയാളുടെ ,സ്വത്തുവകകള്‍ ദാനം ചെയ്യാനായി താങ്കളുടെ സഹായം ആവശ്യമുണ്ടെന്നും മറ്റും ആയിരിക്കും
തുടര്‍ന്ന്‍ ഇരയാകപ്പെടുന്നവരുടെ ബാങ്കിംഗ് വിവരങ്ങള്‍, വ്യക്തിപരമായ വിവരങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സിന്റെയോ,പാസ്‌പോര്‍ട്ടിന്റെയോ കോപ്പികള്‍ എന്നിവ ആവശ്യപ്പെടാം. ഇത്രയും വിവരങ്ങള്‍ നല്‍കിയാല്‍ മോഷ്ടാക്കള്‍ ഇരയാകപ്പെടുന്നവരുടെ ഐഡന്റിറ്റി മോഷ്ടിക്കുന്നതില്‍ 75 ശതമാനവും വിജയിച്ചു എന്നു പറയാം.
അധികം വൈകാതെ തന്നെ ചില പ്രാരംഭ ചെലവുകള്‍ക്കായി കുറച്ച് അഡ്വാന്‍സ് തുക ആവശ്യപ്പെടും, തുടര്‍ന്ന്‍ അപ്രതീക്ഷിത ചെലവുകള്‍ കൂടി വഹിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്ന സന്ദേശങ്ങളും പ്രതീക്ഷിക്കാം. താന്‍ കബളിപ്പിക്കപ്പെടുന്നു എന്നു മനസ്സിലാക്കുന്നതുവരെയോ കയ്യിലെ പണം തീരുന്നതുവരെയോ ഇര കബളിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും.
ഇതേരീതിയില്‍ അരങ്ങേറുന്ന മറ്റൊരു തട്ടിപ്പാണ് താങ്കളുടെ സുഹൃത്തിന്റെ പണവും മൊബൈലും മറ്റും ഏതെങ്കിലും വിദേശരാജ്യത്തുവച്ചു നഷ്ടപ്പെട്ടെന്നും അത്യാവശ്യ ചെലവുകള്‍ക്കായി താങ്കളുടെ സുഹൃത്തിന് ടിയാന്‍ നല്‍കികയിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ ഒരു തുക എത്രയും വേഗം നിക്ഷേപിക്കണമെന്ന അപേക്ഷ ഇ-മെയില്‍ വഴിയായി അയയ്ക്കുന്നത്.
തട്ടിപ്പിനു വിധേയമായവരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ വിവിധ രീതിയില്‍ ഇത്തരത്തിലുള്ള വ്യാജന്മാര്‍ ഉപയോഗപ്പെടുത്തും.
വ്യക്തിയുടെ അക്കൗണ്ട് അപഹരിക്കുക, പാസ്‌വേര്‍ഡ്, യൂസര്‍ നെയിം, അക്കൗണ്ട് നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിച്ചാല്‍ അതുപയോഗിച്ച് ഇരയായ വ്യക്തിയുടെ അക്കൗണ്ട് അപഹരിക്കാനാകും. ഇതിലൂടെ പണം മറ്റുള്ള അക്കൗണ്ടുകളിലേക്ക് മാറ്റാനും ക്രയവിക്രയങ്ങള്‍ നടത്താനും, ഇരയായ വ്യക്തിയുടെ പേരില്‍ ചെക്കുകള്‍ നല്‍കാനും സാധിക്കും. പാസ്‌വേര്‍ഡ് മാറ്റി ഇരയാകുന്ന വ്യക്തിക്ക് തന്റെ അക്കൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുവാന്‍ പോലും ഈ തട്ടിപ്പുകാര്‍ക്ക് സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അപഹരിക്കാന്‍ സാധിച്ചാല്‍ അതുപയോഗിച്ച് ഇരയായ വ്യക്തിയുടെ അക്കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാനാകും. ഇരയെക്കുറിച്ച് ആവശ്യമായ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ആ വിവരങ്ങള്‍ ഉപയോഗിച്ച് ധാരാളം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. ഐഡന്റിറ്റി ചോര്‍ത്തല്‍ ഗൗരവകരവും ദീര്‍ഘകാലടിസ്ഥാനത്തിലുള്ളതുമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. കുടുങ്ങിപ്പോയ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാസങ്ങളോ വര്‍ഷങ്ങളോ തന്നെ വേണ്ടി വന്നേക്കാം. ഇപ്രകാരമുള്ള വഞ്ചനാകേസ്സുകളില്‍ പ്രതികളെ കണ്ടെത്തുക ദുഷ്‌കരമാണ്. മാത്രമല്ല നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ ഒരു വഴിയുമില്ല എന്നതാണ് സത്യം. അതിനാല്‍ ഇപ്രകാരമുള്ള ചതിയിള്‍പ്പെടാതിരിക്കുക എന്നതാണ് പരമപ്രധാനം.
ഇപ്രകാരമുള്ള സന്ദേശം ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ താഴെ പറയുന്നവയാണ്.
> സ്‌കാം ഇ-മെയിലിലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്.
> എസ്.എം.എസ്/ഇ-മെയില്‍ ആവശ്യപ്പെട്ടുന്ന പ്രകാരം ഒരു തരത്തിലുമുള്ള വ്യക്തിപരമായ വിവരങ്ങളും നല്‍കരുത്.
> മേല്‍പ്രസ്ഥാവിച്ച തരത്തിലുള്ള എസ്.എം.എസ്/ഇ-മെയില്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ അയച്ചവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
> ഇത്തരത്തിലുള്ള എല്ലാ മെയിലുകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിശ്വസനീയമായി തോന്നാം എന്നാല്‍ അതൊന്നും തന്നെ വിശ്വസിക്കേണ്ടതില്ല.
> ഇ-മെയിലിലെ ഏതെങ്കിലും ലിങ്കില്‍ (URL ) ക്ലിക്ക് ചെയ്യുകയാണെങ്കില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷേ വ്യാജ വെബ്‌സൈറ്റ് ആയിരിക്കാം.
അതുകൊണ്ട് പരിചയമില്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.
> ഇ-മെയിലിനോടൊപ്പം വരുന്ന ഒരു അറ്റാച്ച്‌മെന്റും തുറക്കരുത്.
ഇത്തരം മെയിലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് വളരെയധികം വേഗം ഡിലീറ്റ് ചെയ്യുക.അവിശ്വസനീയമായ ഓഫറുകള്‍ നല്കുംന്ന പരസ്യങ്ങളില്‍ ആകൃഷ്ടരാകരുത്. അത് താങ്കളുടെ ഐഡന്റിറ്റി ചോര്‍ച്ചയ്ക്ക് കാരണമാകും. ഒപ്പം കമ്പ്യൂട്ടറിലേക്ക് വൈറസുകള്‍ കടന്നു കയറാനും ഇടയാക്കും. എതെങ്കിലും വിധത്തില്‍ വഞ്ചിതരായിട്ടുണ്ടെങ്കില്‍ ഏറ്റവും അടുത്ത നിയമ-നിര്‍വ്വഹണ സംവിധാനത്തെ കഴിയുന്നതും വേഗം ധരിപ്പിക്കുക.
(courtesy: keralapolice)
No comments:
Post a Comment