നോട്ട് നിരോധനത്തിനെ തുടർന്ന് ഓൺലൈൻ പണമിടപാടുകൾ വർധിക്കുകയാണ്. സൗകര്യപ്രദമാണ് ഓൺലൈൻ പണമിടപാട് എങ്കിലും വഞ്ചിതരാകാൻ സാധ്യതകൾ കൂടുതലാണ്. പൊതുവേ അംഗീകരിക്കപ്പെട്ട ചില മുൻകരുതലുകൾ അറിയാം.
∙ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ വളരെ സൂക്ഷിച്ചു മാത്രം വിവരങ്ങൾ പങ്കുവയ്ക്കുക. വ്യക്തിപരമായ വിവരങ്ങളും ആവശ്യമില്ലെന്നു നമുക്കു തോന്നുന്നവയും പുറത്തു വിടാതിരിക്കുക. ∙ ഓൺലൈൻ ഇടപാടുകൾ നടത്തുന്ന ഉപകരണങ്ങൾ, മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ് ടോപ് എന്നിവ മറ്റാർക്കും കൊടുക്കാതിരിക്കുക. ∙ ഇ–വാലറ്റുകൾ ഉള്ള ഫോണുകൾ മറ്റാർക്കും ഫോൺ വിളികൾക്കായി നൽകാതിരിക്കുക. ∙ ഇത്തരം സേവനങ്ങൾക്ക് ഉപയോഗിക്കുന്ന ബ്രൗസറും പൊതു ഉപയോഗത്തിനു നൽകരുത്. ∙ ഓൺലൈൻ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ, യൂസർ നെയിം, പാസ് വേഡ്, പിൻ നമ്പർ എന്നിവ ഫോണിൽ രേഖപ്പെടുത്തി സൂക്ഷിക്കരുത്. ∙ ഫോണിലൂടെ ഇ മെയിൽ വഴി രഹസ്യ വിവരങ്ങൾ ആർക്കും കൈമാറരുത്. ∙ സ്മാർട്ട് ഫോണും ടാബ്ലറ്റും ക്രെഡിറ്റ് കാർഡ് പോലെ തന്നെ കരുതുക. ഫോൺ നഷ്ടപ്പെട്ടാൽ ഇനി മുതൽ സിം കാർഡ് ബ്ലോക്ക് ചെയ്താൽ മാത്രം പോര. ഓൺലൈൻ ഇടപാടു നടത്തുന്ന സ്ഥാപനങ്ങളെയും ഉടൻ വിവരം അറിയിക്കുക. ∙ ഇന്റർനെറ്റ് പങ്കുവയ്ക്കുമ്പോൾ സൂക്ഷ്മത പുലർത്തുക. സുരക്ഷിതമല്ലാത്ത നെറ്റ് വർക്കിൽ നിന്നു വൈഫൈ എടുക്കുന്നതു രഹസ്യ വിവരങ്ങൾ നഷ്ടമാകാൻ ഇടയാക്കും. ∙ ഇടപാടുകൾ നടത്തുന്ന വെബ്സൈറ്റുകൾ സുരക്ഷിതമെന്ന് ഉറപ്പു വരുത്തുക. കാഴ്ചയിൽ ഒരു പോലെയും ഒന്നോ രണ്ടോ അക്ഷരങ്ങൾ വ്യത്യാസപ്പെടുത്തിയും ഒറിജിനലിനെ വെല്ലുന്ന വ്യാജ യുആർഎൽ ഇപ്പോൾ ലഭ്യമാണ്. ∙ ഇടപാടുകൾ നടത്തുന്ന വെബ്സൈറ്റുകൾ സൂക്ഷ്മമായി നിരീക്ഷിക്കണം. സൈറ്റ് വിവരങ്ങൾ (എബൗട്ട് അസ്), ബന്ധപ്പെടാനുള്ള വിവരങ്ങൾ (കോൺടാക്റ്റ് അസ്) എന്നീ ഭാഗങ്ങൾ പരിശോധിക്കുക. വെബ്സൈറ്റിനു സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടോയെന്നും നോക്കുക. ∙ എല്ലാ ഇടപാടുകൾക്കും എന്തെങ്കിലും രേഖ സൂക്ഷിക്കുക. എസ്എംഎസ്, ഇ മെയിൽ എന്നിവയിൽ രസീതു ലഭിച്ചുവെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ ഇടപാടു നടത്തിയതിന്റെ സ്ക്രീൻ ഷോട്ട് എടുക്കുക.
(courtesy: manorama)
No comments:
Post a Comment