എടിഎമ്മുകളുടെ സുരക്ഷ സംബന്ധിച്ചു വലിയ ചർച്ച നടക്കുന്ന കാലമാണിത്, പ്രത്യേകിച്ച് രാജ്യത്തെ പണത്തിന്റെ 80 ശതമാനത്തിനു മേൽ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന ഇക്കാലത്ത്. എടിഎമ്മുകളടക്കം രാജ്യത്തെ ബാങ്കിങ് സാങ്കേതികവിദ്യകളെല്ലാം പൂർണ സുരക്ഷിതമാണെന്നാണു ബാങ്കുകൾ കൂടെക്കൂടെ പറയുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന എടിഎം, ഓൺലൈൻ തട്ടിപ്പുകൾ ഒറ്റപ്പെട്ട സംഭവങ്ങളാക്കി തള്ളിക്കളയുകയും ചെയ്യും. ഇതിനിടെയാണ് ആശങ്കാജനകമായ റിപ്പോർട്ടുകൾ വരുന്നത്. രാജ്യത്തെ 70 ശതമാനത്തോളം എടിഎമ്മുകളുടെ സുരക്ഷയും ഹാക്കർമാർക്ക് ഏതു നിമഷവും തകർക്കാൻ കഴിയുന്ന നിലയിലാണ്. എളുപ്പത്തിൽ തകർക്കാൻ കഴിയുന്നതും, സുരക്ഷാ സപ്പോർട്ട് ഇല്ലാത്തതുമായ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഭൂരിഭാഗം എടിഎമ്മുകളും പ്രവർത്തിക്കുന്നത്.
രാജ്യത്തെ 70 ശതമാനത്തോളം എടിഎമ്മുകളും വിൻഡോസ് എക്സ്പി ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇപ്പോഴുമുള്ളത്. ഈ വേർഷൻ മൈക്രോസോഫ്റ്റ് നിർത്തിയിട്ട് രണ്ടു വർഷമായി. വിൻഡോസ് എക്സ്പി ഉപയോഗിക്കുന്ന കംപ്യൂട്ടറുകളെല്ലാം അപ്ഗ്രേഡ് ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകിയെങ്കിലും രാജ്യത്തെ എടിഎമ്മുകളുടെ കാര്യത്തിൽമാത്രം അതു നടപ്പായില്ല. വിൻഡോസ് എക്സ്പി ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഇപ്പോൾ സെക്യൂരിറ്റി അപ്ഡേറ്റുകളൊന്നും ലഭ്യമല്ല. ടെക്നിക്കൽ സപ്പോർട്ടും 2014നു ശേഷം നൽകുന്നില്ല. എടിഎം തകരാറിലായാൽ ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണി തട്ടിക്കൂട്ടി ചെയ്യുന്നതു മാത്രം.
വിൻഡോസ് എക്സ്പിയിൽനിന്ന് വിൻഡോസ് 7ലേക്ക് എടിഎമ്മുകൾ അപ്ഗ്രേഡ് ചെയ്യേണ്ട ചുമതല ബാങ്കുകൾക്കാണെന്നും, തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും നാഷണൽ ക്യാഷ് രജിസ്റ്റർ(എൻസിആർ) പറയുന്നു. ഇവരാണ് എടിഎമ്മുകൾ രാജ്യത്തെ ബാങ്കുകൾക്കും എടിഎമ്മുകൾ സ്ഥാപിക്കുന്ന കമ്പനികൾക്കും വിതരണം ചെയ്യുന്നത്. ഫിനാൻഷ്യൽ സോഫ്റ്റ്വെയർ സിസ്റ്റംസ്(എഫ്എസ്എസ്), എഫ്ഐഎസ് ഗ്ലോബൽ തുടങ്ങിയവ പോലുള്ള ഏജൻസികളാണ് ബാങ്കുകൾക്കു പുറമേ എടിഎമ്മുകൾ സ്ഥാപിക്കുന്നത്. എൻസിആർ അടക്കമുള്ള ആഗോള സ്ഥാപനങ്ങൾ നിർമിക്കുന്ന മെഷീനുകൾ ഇവർ വാങ്ങി സ്ഥാപിക്കുകയാണു രീതി.
ചെന്നൈ ആസ്ഥാനമായ എഫ്എസ്എസ് 34 ബാങ്കുകളുടേതായി 40,000 എടിഎമ്മുകളാണു പ്രവർത്തിപ്പിക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ ഇക്കൂടത്തിലുണ്ട്. ഇതിൽ പുതുതായി സ്ഥാപിച്ച എടിഎമ്മുകളിൽ മാത്രമേ വിൻഡോസ് 7 ഉള്ളൂ. ചിലതിൽ സർവീസ് പാക്കിൽ ഇറങ്ങിയിരുന്നു. അവയിൽ വിൻഡോസ് നൽകുന്ന സപ്പോർട്ട് കഴിഞ്ഞ ജനുവരിയിൽ അവസാനിച്ചിരുന്നു.
ലോക വ്യാപകമായി എടിഎമ്മുകൾ ഓരോ അഞ്ചു വർഷം കഴിയുമ്പോളും പുതുക്കാറുണ്ട്. പുതിയ സോഫ്റ്റ്വെയർ അടക്കമുള്ളവ ഉപയോഗിച്ചാണു പുതുക്കുന്നത്. പക്ഷേ ഇന്ത്യയിൽ 10 വർഷം വരെ ഇതു നീളുന്നു.
(courtesy: Manorama)
No comments:
Post a Comment