പ്രവാസികളായ എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ വളരെ ലളിതമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്.
വിദേശത്തു നിന്ന് ഒരാൾ നാട്ടിലേക്ക് പണം അയക്കുമ്പോൾ തന്റെ NRE (Non Residential External) അക്കൌണ്ടിലൂടെ വേണം അയക്കാൻ. നാട്ടിലെ തന്റെ SB (Savings Bank) അക്കൌണ്ടിലേക്ക് അയച്ചാൽ പോരേ എന്ന് ചോദിച്ചാൽ, മറുപടി ഇതാണ് : SB അക്കൌണ്ടിലേക്ക് അയക്കുമ്പോൾ അതിനൊരു പരിധിയുണ്ട്. 50,000/- രൂപയ്ക്കു മേൽ അയച്ചാൽ അതിന് TAX അഥവാ നികുതി കൊടുക്കേണ്ടി വരും. വേറെ പ്രശ്നമൊന്നുമില്ല. NRE അക്കൌണ്ടിലൂടെ ആണെങ്കിൽ ടാക്സ് കൊടുക്കണ്ട.
ഒത്തിരി വർഷങ്ങൾ വിദേശത്തു കഴിഞ്ഞിട്ടും ഒരു NRE അക്കൌണ്ട് പോലും തുടങ്ങാത്ത പലരേയും ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്; പ്രത്യേകിച്ചും ലേബർ ക്യാമ്പുകളിൽ. എന്തുകൊണ്ടാണ് ഒരു NRE അക്കൌണ്ട് തുടങ്ങാത്തത് എന്ന് അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. ഒന്ന് : അജ്ഞത അഥവാ അറിവില്ലായ്മ. രണ്ട് : മടി അഥവാ അലസത. അറിവില്ലാത്തവരാണെങ്കിൽ, ആരെങ്കിലും പറഞ്ഞുകൊടുത്താൽ മനസ്സിലാക്കും. എന്നാൽ മടിയന്മാരെ നേരെയാക്കാൻ എളുപ്പമല്ല. അവർ എന്നെങ്കിലും ഒരു പടുകുഴിയിൽ ചെന്നു വീഴുമ്പോഴേ പഠിക്കൂ.
ബാങ്ക് അക്കൌണ്ടിലൂടെയല്ലാതെ നാട്ടിലേക്ക് പണം അയക്കുന്നതിനെയാണ് കുഴൽപ്പണം എന്ന് പറയുന്നത്. അങ്ങനെ പണം അയച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് എന്താണെന്ന് മനസ്സിലാക്കുക :
1. കുഴൽപ്പണം നിയമ വിരുദ്ധമാണ്.
2. പിടിക്കപ്പെട്ടാൽ പണവും പോകും ജയിലിലുമാകും.
3. കുഴൽപ്പണ ഏജന്റുമാർ, പറഞ്ഞപോലെ പണം വീട്ടിൽ എത്തിച്ചു കൊടുത്തില്ലെങ്കിൽ നിയമപരമായി അവരുടെ പേരിൽ ഒന്നും ചെയ്യാൻ കഴിയില്ല.
ഇനി, NRE അക്കൌണ്ട് തുടങ്ങിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം :
1. നമ്മുടെ പണം നിയമപരമായി, സുരക്ഷിതമായി ബാങ്കിൽ ഉണ്ടാവും.
2. TAX ഒഴിവാക്കാം.
3. ഭാവിയിൽ നാട്ടിലെ ഒരു ബാങ്കിൽ നിന്ന് ഭൂമി മേടിക്കാനോ, വീട് പണിയാനോ മറ്റും ലോണ്‍ എടുക്കേണ്ട സാഹചര്യം ഉണ്ടായാൽ അവർ (Bank) തീർച്ചയായും NRE അക്കൌണ്ടിന്റെ സ്റ്റേറ്റ്മെന്റ് ചോദിക്കും. ആ വ്യക്തിയുടെ പ്രതിമാസ വരുമാനവും മറ്റും അറിയാൻ വേണ്ടിയാണ് അത്.
NRE അക്കൌണ്ട് പോലെ പ്രധാനപ്പെട്ട മറ്റൊന്നാണ് NRO (Non Residential Ordinary) അക്കൌണ്ട്. വിദേശത്തുനിന്ന് പണം അയക്കുന്നത് NRE അക്കൌണ്ടിലേക്കാണെങ്കിൽ നാട്ടിൽ നിന്ന് പണം ഡിപ്പോസിറ്റ് ചെയ്യാനുള്ളതാണ് NRO അക്കൌണ്ട്. (നാട്ടിലെ SB അക്കൌണ്ട് പോലെ). ഉദാഹരണത്തിന് : നാട്ടിലെ ഭൂമിയോ മറ്റോ വിറ്റു കിട്ടിയ ഒരു സംഖ്യ ഒരിക്കലും NRE അക്കൌണ്ടിൽ ഡിപ്പോസിറ്റ് ചെയ്യാൻ കഴിയില്ല. അത്തരം കാര്യങ്ങൾക്കു വേണ്ടിയാണ് NRO അക്കൌണ്ട്.
എങ്ങനെ ഒരു NRE / NRO അക്കൌണ്ട് തുടങ്ങാം? :
താൻ വസിക്കുന്ന വിദേശ രാജ്യത്തുള്ള ഏതെങ്കിലും ബാങ്കിലോ മണി എക്സ്ചേഞ്ചിലോ പോയാൽ അവർ സഹായിക്കും. പാസ്പോർട്ട് കോപ്പി (വിസ പേജ് അടക്കം), ചുരുങ്ങിയത് രണ്ട് ഫോട്ടോ (with white back ground), ഏറ്റവും ചുരുങ്ങിയത് 1,000 (ആയിരം) രൂപയുടെ ഒരു ഡ്രാഫ്റ്റ് (ചാർജ് വേറെ). ഇത്രയുമാണ് ആവശ്യമുള്ളത്.
സ്നേഹിതരേ, ഇനിയും NRE / NRO അക്കൌണ്ട് തുടങ്ങിയിട്ടില്ലാത്തവർ ഉണ്ടെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി ദയവായി ഇന്നുതന്നെ അക്കൌണ്ട് തുടങ്ങുക. നമ്മുടെ ഉള്ള സമ്പത്ത് സുരക്ഷിതമാക്കുക, ജീവിതം ആനന്ദകരമാക്കുക.
എന്റെ എളിയ അറിവിൽ പെട്ട കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് കൂടുതലായി ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കിൽ ദയവായി പങ്കുവെക്കുക. അങ്ങനെ മറ്റുള്ളവരിലേക്ക് അറിവിന്റെ വെളിച്ചം പകരാം.
എല്ലാവർക്കും നന്മ നേരുന്നു.
No comments:
Post a Comment