ജാഗ്രതാ നിര്‍ദേശവുമായി സൈബര്‍ പൊലീസ്
തൃശൂര്‍: ‘ഹലോ സര്‍, ഞാന്‍ താങ്കളുടെ ബാങ്കില്‍ നിന്നും വിളിക്കുകയാണ്, താങ്കളുടെ ക്രെഡിറ്റ് കാര്‍ഡിന്‍െറ കാലാവധി കഴിഞ്ഞു. അത് പുതുക്കണം. കാര്‍ഡിന്‍െറ പിന്നിലുള്ള സി.വി.വി നമ്പര്‍ ഒന്നു പറഞ്ഞു തരുമോ?’ -ഇത്തരത്തില്‍ ഒരു ഫോണ്‍ സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ സൂക്ഷിക്കുക, സി.വി.വി പറഞ്ഞു കൊടുത്താല്‍ നിങ്ങളറിയാതെ അക്കൗണ്ടിലെ പണം ഒഴുകിപ്പോകും. ഉടമ അറിയാതെ അക്കൗണ്ടില്‍നിന്ന് പണം തട്ടുന്ന ഏറ്റവും പുതിയ രീതിയാണിത്. അഭ്യസ്തവിദ്യര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ തട്ടിപ്പിന് ഇരയാകുന്നതായാണ് ലഭിക്കുന്ന വിവരം.
സി.വി.വി നമ്പര്‍ പറഞ്ഞു കൊടുക്കുന്നവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ കണ്‍ഫര്‍മേഷന്‍ കോഡ് ലഭിക്കുമെന്നും ആ കോഡ് കൂടി പറഞ്ഞു തരണമെന്നും വിളിക്കുന്നയാള്‍ ആവശ്യപ്പെടും. പിന്നാലെ ആറക്ക കോഡ് മൊബൈല്‍ ഫോണില്‍ വരും. ആ കോഡ് വിളിക്കുന്ന ആള്‍ക്ക് പറഞ്ഞ് കൊടുക്കുന്നതോടെ ഉറപ്പിക്കുക, നിങ്ങള്‍ക്ക് ‘പണി’ കിട്ടിക്കഴിഞ്ഞു. മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറ്റൊരു മെസേജ് ലഭിക്കും. നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചെന്നോ സാധനങ്ങള്‍ വാങ്ങിയെന്നോ ആയിരിക്കും അത്. കേരളത്തിനു പുറമ്മെ മെട്രോ നഗരങ്ങളില്‍ സജീവമായി ഈ തട്ടിപ്പ് ഇപ്പോള്‍ കൊച്ചിയിലും തിരുവനന്തപുരത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുന്‍കരുതല്‍ വേണമെന്നും സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം സൈബര്‍ കുറ്റങ്ങള്‍ തടയുക പ്രയാസകരമാണ്. ജാഗ്രത പാലിക്കുകയാണ് പ്രധാന പോംവഴി. ഫ്രീ ഗിഫ്റ്റ്, ലോട്ടറി എന്നിവയുടെ പേരിലും ജോലി വാഗ്ദാനം ചെയ്തുമായിരുന്നു മുമ്പ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടന്നതെങ്കില്‍ അതിന്‍െറ സ്വഭാവം അപ്പാടെ മാറി ഒരു വ്യക്തിയുടെ ബാങ്ക് വിശദാംശങ്ങള്‍ മുഴുവന്‍ അറിഞ്ഞശേഷം ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് തന്നെയാണ് ഈ തട്ടിപ്പുകള്‍ നടക്കുന്നത്. ഒരു വ്യക്തിയുടെ ക്രെഡിറ്റ്കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സി.വി.വി നമ്പര്‍, വണ്‍ ടൈം പാസ്വേര്‍ഡ് (ഒ.ടി.പി) എന്നിവ മനസ്സിലാക്കി ഓണ്‍ലൈന്‍ പര്‍ച്ചേസ്, പണം പിന്‍വലിക്കല്‍ തുടങ്ങിയ പുത്തന്‍ തട്ടിപ്പാണ് നടന്നുവരുന്നത്.
ബാങ്കില്‍ നിന്നും ഒരിക്കലും നിങ്ങളെ ഫോണില്‍ വിളിച്ച് കാര്‍ഡ് പുതുക്കാനോ, പാസ്വേര്‍ഡ് പറഞ്ഞുകൊടുക്കാനോ ആവശ്യപ്പെടില്ളെന്ന കാര്യം ആദ്യം മനസ്സിലാക്കണം.
ഇത്തരത്തിലുള്ള ഫോണ്‍ വന്നാല്‍ അതിന് മറുപടി നല്‍കാതെ ഉടന്‍ തന്നെ ബാങ്കിന്‍െറ ഹോംബ്രാഞ്ചുമായി നേരിട്ട് ബന്ധപ്പെടണം. ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, പിന്‍ നമ്പര്‍ എന്നിവര്‍ ആര്‍ക്കും കൈമാറാതിരിക്കുകയും മറ്റൊരു മുന്‍കരുതലാണ്. നിങ്ങള്‍ തന്നെ സ്വന്തം കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ കണ്‍മുന്നില്‍ തന്നെ കാര്‍ഡ് ഉരച്ച് പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടണം.
കാര്‍ഡ് ഉരച്ച് പണമെടുത്തശേഷം തിരിച്ചുനല്‍കുന്ന രസീത് നിങ്ങളുടേത് തന്നെയാണോയെന്ന് പരിശോധിക്കണമെന്നും സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു
No comments:
Post a Comment